2008年6月12日木曜日

ബട്ടണ്‍ പൊട്ടിയ ഷര്‍ട്ട്

"കഴുവേറടാമോനേ” പൊടിമീശക്കാരന്‍ പയ്യന്റെ കോളറില്‍ കുത്തിപ്പിടിച്ചു ചന്ദ്രു അലറി. വിജയലക്ഷ്മിയിലെ സ്ഥിരം പോര്‍ട്ടര്‍ അല്ലല്ലോ. ഇതാദ്യമായല്ല രാവിലെ 8.35നു എത്തുന്ന വിജയലക്ഷ്മി ആശുപത്രിപ്പടിക്കല്‍ നിര്‍ത്താതെ പോകുന്നത്. ഒന്‍പതുമണിക്ക് കോളേജില്‍ എത്തേണ്ട കുട്ടികളുടെ അവസാന ബസ്. മിക്കവാറും ഒരു കിലോമീറ്റര്‍ മുമ്പിലുള്ള ടൌണില്‍ നിന്നും വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചാവും വിജയലക്ഷ്മിയുടെ വരവ്. ഇതു മിസ്സായാല്‍ ഫസ്റ്റവര്‍ പോക്കുതന്നെ. എന്നാല്‍ അതിനേക്കാളുപരി ചന്ദ്രുവിനെ പ്രചോദിപ്പിച്ചത് വെയ്റ്റിഗ് ഷെഡിലെ ഷാഹിനയുടെ സാന്നിധ്യമാണ്.

ഷാഹിനയുമായി പലകാര്യങ്ങളിലുണ്ടായ അമ്പരപ്പിക്കുന്ന (ചന്ദ്രുവിനെ) സാദ്രിശ്യമാണ് അവളെ ചന്ദ്രുവിന്റെ സ്വപ്നകാമുകിയാക്കി മാറ്റിയത്. രണ്ടുപേരുടേയും പിതാക്കള്‍ ഒരേ നാട്ടുകാരും സ്വന്തക്കാരും. അമ്മവീടും ഒരേ സ്ഥലത്ത്. SSLC-ക്ക് രണ്ടുപേര്‍ക്കും ഒരേ മാര്‍ക്ക്! ലോവര്‍ പ്രൈമറി സ്കൂളില്‍ ഷാഹിന ചന്ദ്രുവിന്റെ ക്ലാസ്മേറ്റ് ആയിരുന്നു. പിന്നീട് ഷാഹിന ഗേള്‍സിലും ചന്ദ്രു ബോയ്സിലും. ഒടുവില്‍ പ്രീഡിഗ്രിക്ക് വീണ്ടും ഒരേ കോളേജില്‍, ഒരേ ക്ലാസ്സില്‍.

ഏപ്രില്‍ 18-ലെ ശോഭനയുടെ ഛായ ആയിരുന്നു ഷാഹിനക്ക്. ക്ലാസ്സിലെ മിക്ക ആണ്‍കുട്ടികളുടേയും ആരാധനാപാത്രം. ചന്ദ്രുവിനേപ്പോലെ തന്നെ മറ്റു പലരും അവളുടെ രഹസ്യകാമുകര്‍ ആയിരുന്നു. ചന്ദ്രുവിനാണെങ്കില്‍ അവളോടു സംസാരിക്കുമ്പോള്‍ തന്നെ ഒരു തരം വിറയല്‍ അനുഭവപ്പെട്ടിരുന്നു. നെറ്റിത്തടത്തിലും മൂക്കിന്റെ തുമ്പിലും വിയര്‍പ്പുകണങ്ങള്‍ പൊടിയും. മറ്റു പലര്‍ക്കും പക്ഷെ ഈ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഷാഹിനയുമായി അവര്‍ അടുത്തിടപഴകുന്നതും തമാശകള്‍ പറഞ്ഞു ചിരിക്കുന്നതും കണ്ട് ചന്ദ്രു ആകെ പരവശനായി നടക്കുന്ന കാലം. എങ്ങനേയും ഷാഹിനയുടെ മുന്നില്‍ ഒന്നു ആളാകണം എന്ന വിചാരം ഊണിലും ഉറക്കത്തിലും.

രാവിലെ 8.15-ഓടെ ആശ്പത്രിപടിക്കല്‍ എത്തി ഷാഹിനയുടെ വരവുംകാത്തു നില്‍പ്പാണ്. പതിവുപോലെ എട്ടരയോടെ ഷാഹിന വന്നു; ഒരു കൊല്ലുന്ന കടക്കണ്ണ് സമ്മാനിച്ചു. അതിന്റെ ലഹരിയില്‍ നില്‍ക്കേയാണ് ഹോണ്‍ മുഴക്കി വിജയലക്ഷ്മി കടന്നു പോയത്. സ്റ്റോപ്പിനു ഒരു 100 മീറ്റര്‍ അകലെ ആളെയിറക്കി വിദ്യാര്‍ത്ഥികളെ കയറ്റാതെ പോവാനുള്ള തയ്യാറെടുപ്പാണ്. ചന്ദ്രു മറ്റൊന്നും ആലോചിച്ചില്ല. ഇതുതന്നെ സുവര്‍ണാവസരം. ബുക്കുകള്‍ കക്ഷത്തില്‍ തിരുകി അവന്‍ കുതിച്ചു (വിദ്യാര്‍ത്ഥികള്‍ ബാബു ആന്റണിക്ക് പഠ്ക്കുന്ന കാലഘട്ടമാണ്. ഒന്നോ രണ്ടോ നോട്ടുബുക്കേ ഉണ്ടാവാറുള്ളൂ; അതു തന്നെ ചുരുട്ടി കയ്യില്‍ വച്ചിരിക്കും). ചന്ദ്രുവിനു പിറകേ ആണ്‍പെണ്‍ കുട്ടികളുടെ ഒരു നീണ്ട നിരയും. ചന്ദ്രു അടുത്തെത്തിയപ്പോഴേക്കും ബസ് മുന്നോട്ട് എടുത്തിരുന്നു. ബസിന്റെ പിന്‍ വാതില്‍ വലിച്ചടക്കാനുള്ള ശ്രമത്തിലാണു കിളി. ചന്ദ്രു ഒറ്റകുതിപ്പിനു കിളിയുടെ ഷര്‍ട്ടില്‍ പിടുത്തമിട്ടു. ഞൊടിയിടയില്‍ ഷര്‍ട്ടും കിളിയും താഴെ റോഡില്‍! കിളിയുടെ ഷര്‍ട്ടില്‍ നിന്നും അടര്‍ന്നു വീണ ഒരു ബുട്ടണ്‍ ഉരുണ്ടുരുണ്ട് ഏതാനും മീറ്റര്‍ മാറ്റി നിര്‍ത്തിയ ബസിന്റെ അടിയിലേക്ക് പോയി. വിദ്യാര്‍ത്ഥിപ്പടക്കു മുമ്പില്‍ വിഷണ്ണാനായി നില്‍ക്കുന്ന കിളിയെ ഒന്നു തേമ്പി (താടിക്കു തട്ടുന്നതിനു കോട്ടയത്തെ നാടന്‍ ഭാഷ; കരണത്തടിയുടെ തൊട്ടു താഴെ വരുന്ന ഒരു പീഢനരീതി), ചന്ദ്രു മുന്‍ വാതിലിലേക്ക് പാളി നോക്കി. ഷാഹിനയും സഖികളും തിക്കിതിരക്കി ബസിനുള്ളിലെക്ക് കയറുന്നു.
വിജയഭാവത്തില്‍, ആത്മനിര്‍വ്രിതിയോടെ ചന്ദ്രുവും കയറി. ബസില്‍ സൂചി കുത്താന്‍ ഇടയില്ലാത്ത സ്ഥിതി. എന്നിട്ടും വിജയലക്ഷ്മിയിലെ ആ യാത്ര സിങ്കപ്പൂര്‍ എയര്‍ലൈന്‍സിലെ ബിസിനസ്സ് ക്ലാസ്സ് യാത്രപോലെ തോന്നാതിരുന്നത് അന്ന് ചന്ദ്രുവിന് ആ അനുഭവം ഇല്ലാതിരുന്നത് കൊണ്ടുമാത്രമാണ്.

വിജയലക്ഷ്മി കോളേജ് സ്റ്റോപ്പെത്തി. അവിടെ നിന്നും വീണ്ടും ഒരു പതിനഞ്ജ് മിനിട്ട് നടക്കണം കോളേജിലെത്താന്‍. ഇന്നു ഷാഹിനയോട് ആത്മവിശ്വാസത്തോടെ രണ്ടു വാക്ക് സംസാരിച്ചിട്ടുതന്നെ ബാക്കി കാര്യം എന്നു തീരുമാനിച്ച് ചന്ദ്രു ഇറങ്ങി. വാതിക്കല്‍ ഒരൊ ഭിക്ഷാടകനേപ്പോലെ കിളി കയ്യും നീട്ടിപ്പിടിച്ചു നില്‍പ്പുണ്ട്. പുഛഭാവത്തില്‍ പത്തു പൈസ (അന്ന് സ്റ്റുഡന്‍സ് കണ്‍സഷന്‍ പത്ത് പൈസ ആണ്; പിച്ചക്കാരുടെ പടി ആ കാലഘട്ടത്തില്‍ 25 പൈസ ആയിരുന്നു!) എറിഞ്ഞുകൊടുക്കന്നതിനിടയില്‍ അവന്‍ ആദ്യമായി കിളിയുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. സജലങ്ങാളായ ആ കണ്ണുകള്‍ തന്നെത്തന്നെ ചൂഴ്ന്നു നോക്കുന്നുവോ? ഒരു നിമിഷം! ഭൂമി കീഴ്മേല്‍ മറിയിന്നുവോ! പൈസ അവന്റെ കയ്യിലേക്കിടാന്‍ മറന്ന് സ്തബ്ധനായി ചന്ദ്രു നിന്നു പൊയി. തൊട്ടുപുറകേ ഇടിച്ചുവന്നവര്‍ ചന്ദ്രുവിനെ തള്ളീമാറ്റി മുമ്പിലേക്കുപോയി. കയ്യിലിരുന്ന 10 പൈസ തെറിച്ച് ഉരുണ്ടുരുണ്ട് ബസിനടിയിലേക്ക് പോയി. യാന്ത്രികമായ പദചലനങ്ങളോടെ ചന്ദ്രു കോളേജിലേക്ക് നടന്നു. ഷാഹിന മുമ്പിലാണോ അതോ പിമ്പിലോ? അവന്‍ അതോര്‍മ്മിച്ചതേയില്ല.

“ക്ഷമ ചോദിക്കാന്‍ എന്തു തെറ്റാണ് ആന്‍സി എന്നോട് ചെയ്തത്? മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”. ഏഴു-സിയിലെ ബിനോ.റ്റി.മാത്യു പതിവ് പോലെ അരങ്ങ് തകര്‍ക്കുകയാണ്. വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയം കുട്ടികള്‍ക്ക് അര്‍മാദതിന്റെ (സോറി, അന്ന് ഈ വാക്ക് റിലീസ് ആയിട്ടില്ല) വേളയാണ്. മുസ്ലിം കുട്ടികള്‍ക്ക് ജും ആ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ 12.30 മുതല്‍ 2.30 വരെയാണ് അന്നൊക്കെ ലഞ്ച് ബ്രേക്ക്. ബിനോ.റ്റി.മാത്യു ഫുള്‍ഫോമില്‍ എത്തുന്നതും ഈ അവസരത്തിലാണ്. ടൌണിലെ ഓലമേഞ്ഞ തീയറ്ററിനോട് ചേര്‍ന്നാണ് അവന്റെ കൊച്ചുവീട്. കൂലി പണിക്കാരനായ അവന്റെ അഛന്റെ സാമ്പത്തിക ചുറ്റുപാട് പതിവായി സിനിമ കാണാന്‍ അനുവധിച്ചിരുന്നില്ല. എങ്കിലും തീയ്യറ്ററിലെ ശബ്ദവിന്യാസത്തിന്റെ മേന്മമൂലം മിക്ക ചിത്രങ്ങളുടേയും ശബ്ദരേഖ അവനു കാണാപാഠ്മായിരുന്നു. ആവനാഴിയിലെ ബാലുവായും, ന്യൂഡല്‍ഹിയിലെ ജി.കെയായും, താളവട്ടത്തിലെ വിനോദായുമൊക്കെ അവന്‍ കൂട്ടുകാരുടെ മുന്നില്‍ അവതരിച്ചു. തീയ്യറ്ററില്‍ അടുത്തുവരാന്‍ പോകുന്ന ചിത്രങ്ങളുടുയും “വമ്പന്‍ ഉത്സവ പ്രോഗ്രാം” ആയി എത്തുന്ന പുതിയ പടത്തിന്റേയുമൊക്കെ വിവരങ്ങള്‍ വിളമ്പി അവന്‍ ക്ലാസ്സിലെ മലയാള സിനിമയുടെ PRO-ആയി വിലസിയിരുന്ന കാലം. അതുമാത്രമല്ല, ഉത്സവ പറമ്പിലേയും നാട്ടിലെ പൊതുവായുള്ളതുമായ അനേകം വിശേഷങ്ങള്‍ അവന്‍ കൂട്ടുകാറുമായി പങ്കുവച്ചു. സ്വതവേ അന്തര്‍മുഖനായിരുന്ന, കൂട്ടുകെട്ടുകള്‍ കുറവായിരുന്ന ചന്ദ്രുവിന് പുറം ലോകത്തേക്കുള്ള് ഒരു കിളിവാതില്‍ ആയിരുന്നു ബിനോ റ്റി.മാത്യു.

ഹൈസ്കൂളില്‍ ബിനോ വേറെ ഡിവിഷന്‍ ആയിരുന്നു. അതുകൊണ്ടു തന്നെ പതിയെ പതിയെ ആ ബന്ധം മുറിഞ്ഞു. എങ്കിലും ഇടനാഴികളിലോ, പൈപ്പിന്‍ ചുവട്ടിലോ, മൂത്രപ്പുരയിലോ കണ്ടുമുട്ടുമ്പോളൊക്കെ അവനു തന്നോടുള്ള പ്രത്യേക മമത ചന്ദ്രു അനുഭവിച്ചറിഞ്ഞു. അങ്ങനെ ആ അധ്യയനവര്‍ഷം കടന്നു പോയി. പുതിയ സെന്‍ ജ്ജോര്‍ജ് കുടയും പൂട്ടുള്ള അലൂമിനിയം പെട്ടിയുമൊക്കെയായി ചന്ദ്രു 9 -ആം ക്ലാസ്സില്‍ എത്തി. ബിനോ 8-ല്‍ തോറ്റ വിവരം അറിഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ക്ഷയരോഗിയായിരുന്ന അവന്റെ അഛന്‍ മരിച്ചെന്നും അവന്‍ പഠ്നം നിര്‍ത്തി കൂലിപ്പണിക്കു പോകാന്‍ തുടങ്ങി എന്നും ആരോ പറഞ്ഞറിഞ്ഞു. പുതിയ കൂട്ടുകാര്‍, പുതിയ അനുഭവങ്ങള്‍, 10-ആം ക്ലാസ്സ്, ട്യൂഷന്‍...ബിനോ റ്റി.മാതു വിസ്മ്രിതിയിലേക്ക് മാഞ്ഞു.

ബട്ടണ്‍ പൊട്ടിയ ഷര്‍ട്ടുമായി, പത്ത് പൈസ നാണയത്തുട്ടുനായി കൈ നീട്ടുന്ന ആ സതീര്‍ത്യന്റെ ദയനീയ രൂപം ഇന്നും ചന്ദ്രുവിന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. പണ്ടും എല്ലാ ബട്ടണുമുള്ള ഒരു ഷര്‍ട്ട് അവന്റെ സ്വപ്നമായിരുന്നല്ലൊ...